ലൈഫ് മിഷന്‍ അഴിമതി : മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര സി.ബി.ഐക്ക് പരാതി നല്‍കി

google news
anil


തൃശൂര്‍: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അനില്‍ അക്കര സി.ബി.ഐക്ക് പരാതി നല്‍കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അനില്‍ അക്കര പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ സി.ഇ.ഒ. തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് 2019 ജൂലൈ 11ന് നല്‍കിയ കത്ത്, ഇ.ഡി. കൊച്ചി യൂണിറ്റ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്, ശിവശങ്കറിന്റെ കേസിലെ ജാമ്യഹര്‍ജിയിലെ വിധിന്യായം എന്നിവയാണ് ഉള്ളടക്കം ചെയ്തിരിക്കുന്നത്.

2019 ജൂലൈ 11ന് മുഖ്യമന്ത്രി പിണാറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.എ.ഇ. റെഡ്ക്രസന്റ് അതോറിറ്റി ഡോ. മുഹമ്മദ് അതീഖ് അല്‍ഫലാഹി പങ്കെടുത്ത യോഗത്തില്‍ റെഡ് ക്രസന്റും ലൈഫ് മിഷനും ഒപ്പുവച്ച ധാരണാപത്രം നിയമവിരുദ്ധമാണെന്നും ഈ ധാരണാപത്രത്തിന്റെ മറപിടിച്ചാണ് കേസിലെ മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും നടന്നതെന്നും അനില്‍ അക്കര പരാതിയില്‍ ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയായ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം പണിയുന്നത് രാജ്യവിരുദ്ധവും എഫ്.സി.ആര്‍.എ. നിയമത്തിന്റെ ലംഘനമാണ്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികളുടെ വലിയൊരു ഭാഗം അഴിമതിപ്പണത്തിന്റെ പങ്ക് 4.5 കോടി രൂപ ഡോളറാക്കി യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് വിദേശത്തേക്ക്
കടത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിരസിച്ച വിദേശ ധനസഹായം മറ്റൊരു രൂപത്തില്‍ നടപ്പിലാക്കിയത് പ്രതികള്‍ക്ക് ഈ വിഷയത്തിലുള്ള സാമ്പത്തിക താത്പര്യത്താലാണെന്നും രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
 

Tags