ലൈഫ് മിഷന്‍ അഴിമതിക്കേസ്; സ്വപ്‌ന സുരേഷ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Life Mission corruption case; CBI files chargesheet against six people including Swapna Suresh

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രളയബാധിതര്‍ക്കായി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റും ആശുപത്രി സമുച്ചയവും നിര്‍മിക്കുന്നതിനുള്ള കരാര്‍ കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് ബില്‍ഡേഴ്‌സിനും സെയിന്‍ വെഞ്ച്വേഴ്‌സ് കമ്പനിക്കും നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

യൂണി ടാക്ക് എംഡി സന്തോഷ് ഈപ്പനാണ് കേസില്‍ ഒന്നാം പ്രതി. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, മുന്‍ യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ പിഎസ് സരിത്ത് എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവര്‍. പ്രളയബാധിതര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയായിരുന്നു പരാതിക്കാരന്‍. മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു വി ജോസ് എന്നിവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഏഴാം പ്രതിയാണ് ശിവശങ്കര്‍.

Tags