കോർപറേഷൻ ഓഫിസിൽ വ്യാജ സീൽ ഉപയോഗിച്ച് വീടിന് കച്ചവട ലൈസൻസുണ്ടാക്കാൻ ശ്രമം : പൊലീസ് കേസെടുത്തു

കോഴിക്കോട് : കോർപറേഷൻ ഓഫിസിൽ വ്യാജ സീൽ ഉപയോഗിച്ച് വീടിന് കച്ചവട ലൈസൻസുണ്ടാക്കാൻ ശ്രമം നടത്തിയെന്ന പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഫിസിൽ പരിശോധന നടത്തി.
വ്യാജ സീലടിച്ച് രേഖയുണ്ടാക്കി ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താനുള്ള ശ്രമവും കണ്ടെത്തിയിരുന്നു. രണ്ടു സംഭവങ്ങൾക്കുപിന്നിലും ഒരേയാളാണെന്നാണ് നിഗമനം. രണ്ടു സംഭവങ്ങളിലും വ്യാജ സീലുണ്ടാക്കിയത് കോർപറേഷൻ ഓഫിസിൽ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഒരേ ഏജന്റാണെന്നാണ് കണ്ടെത്തിയത്.
റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാജ സീൽ ഉപയോഗിച്ച് കെട്ടിടത്തിന് ഡി ആൻഡ് ഒ ലൈസൻസ് നേടാൻ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കണ്ടെത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ വ്യാജസാക്ഷ്യപത്രം തയാറാക്കി ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ നടത്താൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്.
വിദ്യാർഥിയുടെ ജനന സർട്ടിഫിക്കറ്റിൽ ഒരു തവണ തിരുത്തൽ നടത്തിയ സ്ത്രീയെ ഓഫിസിൽ നിന്ന് മതിയായ രേഖയില്ലാതെ തിരിച്ചയച്ചിരുന്നു. വ്യാഴാഴ്ച ഇവർ തിരുത്തലിനുള്ള സാക്ഷ്യപത്രവുമായി വീണ്ടുമെത്തിയത് പരിശോധിച്ചപ്പോൾ ഒപ്പിട്ട ഗസറ്റഡ് ഓഫിസർ അഞ്ചു കൊല്ലം മുമ്പ് വിരമിച്ചതാണെന്നും വ്യാജ രേഖയാണെന്നും മനസ്സിലാവുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 10,000 രൂപ കൊടുത്താണ് ഏജന്റ് രേഖ നൽകിയതെന്നാണ് പറയുന്നത്.