ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 93.88 കോടി
തിരുവനന്തപുരം : നേമത്തെ ബിജെപി സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 93.88 കോടി. രണ്ടുവർഷത്തിനിടെ 65.79 കോടി രൂപയാണ് വർധിച്ചത്. സത്യവാങ്‌മൂലത്തിൽ 93.88 കോടിയുടെ ആസ്തിയുള്ളതായാണ് പറയുന്നത്. 2024ൽ ലോകസഭയിലേക്ക് മത്സരിക്കുമ്പോൾ ഇത് 28 കോടിയായിരുന്നു. അതിശയിപ്പിക്കുന്ന വളർച്ചയാണ് രണ്ടുവർഷം കൊണ്ടുണ്ടായത്.
പുതിയ സത്യവാങ്‌മൂലത്തിൽ 78.81 കോടിയുടെ സ്ഥാവരജംഗമ വസ്തുക്കളും 19.34 ലക്ഷത്തിന്റെ കൃഷി ഭൂമിയുമുണ്ട്. സ്വന്തമായി കാറില്ല. 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കൗട്ട് മോട്ടോർസൈക്കിളുണ്ട്. 107 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് 18.10 കോടിയുടെ ആസ്തിയും 14.31 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളുമുണ്ട്. വായ്പകൾ ഉൾപ്പെടെ 1.62 കോടി രൂപയുടെ കടമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷക ആവണി ബെൻസാല ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ജെറോമിക് ജോർജിന് പരാതി നൽകിയിരുന്നു. ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള പ്രധാന കമ്പനികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും പരാതിയിലുണ്ട്.
.jpg)


