നേരില്‍ കണ്ട് നിലവിലെ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാം ; എം ബി രാജേഷിന് ഉറപ്പുമായി വി ടി ബല്‍റാം
താങ്കളുടെ കാലത്ത് എന്‍ലൈറ്റ് തൃത്താല എന്ന പേരില്‍ നടത്തിപ്പോന്ന പ്രവര്‍ത്തനങ്ങളിലെ നല്ല കാര്യങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമന്ന് ഞാന്‍ ഉറപ്പുതരുന്നു
തൃത്താലയില്‍ താന്‍ തുടങ്ങി വച്ച വികസനപ്രവര്‍ത്തനങ്ങള്‍ ബല്‍റാം പൂര്‍ത്തിയാക്കണമെന്ന അഭ്യര്‍ഥനയുമായി രാജേഷ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉറപ്പു നല്‍കി ബല്‍റാം രംഗത്തെത്തിയത്. നേരില്‍ കണ്ട് നിലവിലെ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ബല്‍റാം പറഞ്ഞു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
എനിക്ക് നല്‍കുന്ന അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി. താങ്കളുടെ കാലത്ത് തുടങ്ങിവച്ച് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്നത് എന്റെയും മുന്‍ഗണനയാണ്. അതിനായി താങ്കള്‍ വാഗ്ദാനം ചെയ്യുന്ന ക്രിയാത്മക പിന്തുണയെ നന്ദിപൂര്‍വ്വം സ്വീകരിക്കുന്നു. ഒരു ജനപ്രതിനിധി തുടങ്ങിവച്ചു എന്നതിന്റെ പേരില്‍ അടുത്ത അഞ്ചു വര്‍ഷവും അത് പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാത്ത നിഷേധാത്മക സമീപനം നാടിന് ഗുണകരമല്ലല്ലോ. താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളുടേയും ക്രിയാത്മക പിന്തുണ ഇക്കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
അനാരോഗ്യത്തില്‍ നിന്ന് എത്രയും വേഗം പൂര്‍ണ്ണ വിമുക്തി നേടി പൊതുരംഗത്ത് സജീവമാകാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കള്‍ക്ക് വേണ്ടി എല്‍ഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ 68041 വോട്ടര്‍മാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അതോടൊപ്പം മറ്റ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചെയ്തവര്‍ക്കും എന്റെ അഭിവാദനങ്ങള്‍. ഇനി മുതല്‍ അവരുടെ കൂടി പ്രതിനിധിയായി ഞാന്‍ അവര്‍ക്കെല്ലാമൊപ്പം ഉണ്ടാകും എന്നും ഉറപ്പുനല്‍കുന്നു.
റോഡുകളുടെ ശോച്യാവസ്ഥ കഴിഞ്ഞ നാലര വര്‍ഷവും തൃത്താലക്കാരുടെ ഏറ്റവും വലിയ ദുരിതമായിരുന്നു. ഇപ്പോള്‍ പല ഘട്ടങ്ങളില്‍ നിര്‍മ്മാണമിഴഞ്ഞു നീങ്ങുന്ന എല്ലാ പ്രവൃത്തികളും നമുക്ക് എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഏകപക്ഷീയമായും ജനാധിപത്യവിരുദ്ധമായും അടിച്ചേല്‍പ്പിക്കാന്‍ നോക്കിയതിലൂടെ വലിയ വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിട്ടുള്ള ചില പദ്ധതികള്‍ പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സുശീലപ്പടി മേല്‍പ്പാലവും സര്‍ക്കാരിന്റെ അജണ്ടയില്‍ നിന്ന് തന്നെ പുറത്തുപോയ കരിയന്നൂര്‍ മേല്‍പ്പാലവും നമുക്ക് നേടിയെടുത്ത് നടപ്പാക്കേണ്ടതുണ്ട്. കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാതെ കുടുംബാരോഗ്യ കേന്ദ്രമായി മാത്രം തുടരുന്ന തൃത്താല ആശുപത്രിയെ CHC തലത്തിലേക്ക് ഉയര്‍ത്തി ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ നേടിയെടുക്കണം.
ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നഴ്സിംഗ് കോളേജ് ഇപ്പോഴത്തെ സ്വപ്നാവസ്ഥയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാനും ഞാന്‍ പരമാവധി ശ്രമിക്കാം. സുസ്ഥിര വികസനത്തിന്റെ എല്ലാ സങ്കല്‍പ്പങ്ങളേയും അട്ടിമറിക്കുന്ന വ്യാപകമായ പ്രകൃതി ചൂഷണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം തൃത്താലയിലുടനീളം കാണാന്‍ കഴിഞ്ഞത്. എല്ലാ കുന്നുകളും ഇടിച്ചുനിരത്തപ്പെട്ട ഇന്നത്തെ അവസ്ഥക്ക് ഇനി ഏത് നിലയിലാണ് പരിഹാരമുണ്ടാക്കുക എന്ന നിസ്സഹായാവസ്ഥയിലാണ് ഞാന്‍. ഭാവിയിലെങ്കിലും ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് ഞാന്‍ മുന്നില്‍ കാണുന്ന വഴി.
ഞാന്‍ മുന്‍പ് എംഎല്‍എ ആയിരുന്നപ്പോള്‍ വിദ്യാദ്യാസ മേഖലയില്‍ 'സ്‌മൈല്‍ തൃത്താല' എന്ന പേരില്‍ സമഗ്രമായ ചില ഇടപടലുകള്‍ക്ക് സാധിച്ചിരുന്നു. താങ്കളുടെ കാലത്ത് എന്‍ലൈറ്റ് തൃത്താല എന്ന പേരില്‍ നടത്തിപ്പോന്ന പ്രവര്‍ത്തനങ്ങളിലെ നല്ല കാര്യങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമന്ന് ഞാന്‍ ഉറപ്പുതരുന്നു. സ്‌കോളര്‍ഷിപ്പ് നല്‍കലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കലുമൊക്കെ ഇനിയും നമുക്ക് തൃത്താലയില്‍ നടത്താവുന്നതാണ്. അക്കാര്യത്തിലും താങ്കളുടെയും സഹപ്രവര്‍ത്തകരുടേയും അനുഭവസമ്പത്ത് ഞങ്ങള്‍ക്കൊപ്പമുണ്ടാവണം.
'എല്ലാവരുടെയും ജനപ്രതിനിധിയായി,പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും എല്ലാവരോടും ആദരവു പുലര്‍ത്തിയിട്ടുണ്ട്. ' എന്നുള്ള താങ്കളുടെ അവകാശവാദത്തോടും രാഷ്ട്രീയപരമായ മറ്റ് പരാമര്‍ശങ്ങളോടും ഞാന്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നില്ല. അതിന്റെയൊക്കെ ആകത്തുകയാണല്ലോ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വിധിയെഴുത്ത്. തൃത്താലയുടെ വികസന കാര്യങ്ങളേക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ എന്റെ ചിന്ത. അക്കാര്യത്തില്‍ താങ്കള്‍ വാഗ്ദാനം ചെയ്യുന്ന പിന്തുണക്ക് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.
താങ്കളുടെ തിരക്കുകള്‍ക്കിടയില്‍ സമയം അനുവദിക്കുകയാണെങ്കില്‍ നേരില്‍ക്കണ്ട് നിലവിലെ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാനും ചര്‍ച്ച ചെയ്യാനും താത്പര്യമുണ്ട്. അധികം വൈകാതെ അതിനുള്ള അവസരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
.jpg)

