നിലമ്പൂർ നെടുങ്കയത്ത് വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടെത്തി

leopard

മലപ്പുറം: നിലമ്പൂർ കരുളായിലെ നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പകൽസമയത്ത് പുള്ളിപ്പുലിയെ കണ്ടെത്തി. ചെറുപുഴ-നെടുങ്കയം വനപാതയിലെ ചെറുപുഴ വനം ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതോടെ പ്രദേശവാസികളും ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളും കനത്ത ജാഗ്രതയിലാണ്.

കോഴിക്കോട് ഐ.ടി.ഐയിലെ വാച്ച്മാനും നെടുങ്കയം ട്രൈബൽ വില്ലേജ് സ്വദേശിയുമായ രതീഷ് എന്ന യുവാവാണ് രാവിലെ ആറുമണിയോടെ പുലിയെ ആദ്യമായി കണ്ടത്. ജോലിക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന രതീഷ്, റോഡരികിലെ പാറപ്പുറത്ത് പുലി വിശ്രമിക്കുന്നത് കണ്ട് വണ്ടി നിർത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോഴും യാതൊരു പ്രകോപനവുമില്ലാതെ പുലി നോക്കിക്കിടന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം പുലി പാറപ്പുറത്തുനിന്ന് ഇറങ്ങി വനത്തിനുള്ളിലേക്ക് മറഞ്ഞു.

ഈ വനപാതയിൽ ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും പകൽസമയത്ത് പുള്ളിപ്പുലിയെ കാണുന്നത് തികച്ചും അപൂർവ്വമാണെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നെടുങ്കയം ട്രൈബൽ വില്ലേജിൽ പുലിശല്യം നേരത്തെ തന്നെ രൂക്ഷമാണ്. ജനവാസമേഖലയിലിറങ്ങുന്ന പുലി ഇതിനകം തന്നെ കർഷകരുടെ നിരവധി ആടുകളെയും വളർത്തുനായ്ക്കളെയും പിടികൂടിയിട്ടുണ്ട്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ കടന്നുപോകുന്ന പ്രധാന പാതയായതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags