പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

puli

മാനന്തവാടി: പുള്ളിപുലിയെ  റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. വാഹനമിടിച്ചതെന്നാണ് സംശയം.നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി  വന്യജീവി സങ്കേതവും തമ്മിൽ  അതിർത്തി പങ്കിടുന്ന ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ്  റോഡരികിലായി ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്. ഏകദേശം  നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. 

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി. അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതാകാമെന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം  തുടങ്ങിയതായി  വനംവകുപ്പ് അധികൃതർ പറഞ്ഞു.

Share this story