തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദുചെയ്യാൻ നിയമനിർമാണം വേണം : വി.എം സുധീരൻ

google news
vm

തിരുവനന്തപുരം: പൊതു തിരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്ന പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കിയില്ലെങ്കിൽ അവ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദു ചെയ്യുന്നതിനടക്കമുള്ള നിയമനിർമാണം കൊണ്ടുവരാൻ ഭരണകൂടങ്ങൾ സന്നദ്ധമാകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ.

സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന, ഇരുപത്തിയാറാം വയസ്സിൽ തൂക്കിലേറ്റി വധിക്കപ്പെട്ട വക്കം ഖാദറിന്റെ സ്മരണയ മുൻനിർത്തി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യയും സമഭാവനയും സംയുക്തമായി ഏർപ്പെടുത്തിയ വക്കം ഖാദർ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപാർട്ടികൾ ലക്ഷ്യബോധമില്ലാതെ പ്രകടനപത്രിയിലൂടെ വാഗ്ദാനങ്ങൾ മുന്നോട്ട് വെക്കുകയും വോട്ട് നേടുകയും ചെയ്ത ശേഷം അവയെ വിസ്മരിക്കുന്ന സമീപനം ശരിയല്ലെന്നും അതിനെതിരായി കർശനമായ നിയമനിർമാണം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

വക്കം ഖാദറിനെപ്പോലുള്ള സ്വാതന്ത്ര്യ ദാഹികളായിരുന്ന ദേശാഭിമാനികളെ അപഹസിക്കുന്ന വിധത്തിലുള്ള അനഭിലഷണിയമായ പ്രവണതകൾ ഭരണകൂടങ്ങൾ നിർലജ്ജം അനുവർത്തിക്കുന്ന ഇക്കാലത്ത് സമസ്ത ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ദേശീയ കാഴ്ചപ്പാടിന് വേണ്ടി നിലകൊള്ളാൻ മതേതര ദേശീയ ജനാധിപത്യ കാഴ്ചപാട് ശക്തിപ്പെടുത്തണമെന്നും സുധീരൻ പറഞ്ഞു.

ചടങ്ങിൽ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ചെയർമാൻ വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ഹോസ്റ്റൽസ് അസോസി യേഷൻ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ലോഗോ മുൻ ഡെപ്പ്യൂട്ടി സ്പീക്കർ പാലോട് രവി പ്രകാശനം ചെയ്തു.

ഡോക്ടർ ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ഹോസ്റ്റൽസ് പരിസ്ഥിതി സംരക്ഷണ സമിതി അഖിലേന്ത്യാ ചെയർമാൻ എസ്. ഷൈൻ, ജെ. സതികുമാരി, കെ..എം .അബ്ദുൽസലാം എ.എസ് ചന്ദ്രപ്രകാശ്,നആൻറണി ആൽബർട്ട്, മറിയം ജാസ്മിൻ, അഭിജിത് എ. നായർ എന്നിവർ സംസാരിച്ചു. വക്കം സുകുമാരൻ പുരസ്കാരം ഏറ്റുവാങ്ങി.

Tags