ആധുനിക സാങ്കേതികവിദ്യകളിലൂടെ പഠനാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തും : മന്ത്രി വി ശിവന്‍കുട്ടി

google news
awe

കൊല്ലം :  ആധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സജീകരിക്കുന്നതിലൂടെ ആധുനിക പഠനസമ്പ്രദായമാണ് ലഭ്യമാക്കുന്നത്. നവസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാങ്കേതികവിദ്യാധിഷ്ഠിത പഠനരീതി സുഗമമാക്കുകയാണ്. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ യജ്ഞവും, വിദ്യാകിരണം പദ്ധതിയും വിദ്യാലയങ്ങളെ മികവിന്റെ ഇടങ്ങളായി മാറ്റി. 

കുട്ടികളുടെക്ഷേമത്തിന് സര്‍ക്കാര്‍ പ്രഥമപരിഗണനയാണ് നല്‍കുന്നത്. ന•യുടെയും മനുഷ്യസ്‌നേഹത്തിന്റെയും ബോധമാണ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നത്. മികച്ച ഭൗതിക സാഹചര്യം ഉറപ്പാക്കി അക്കാദമിക്‌നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒമ്പത് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്നുവരുന്നത്. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ സുവനീര്‍ പ്രകാശനവും മള്‍ട്ടി മീഡിയ ക്ലാസ്സ്റൂമിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷും നിര്‍വഹിച്ചു.

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എ ദസ്തകീര്‍, വാര്‍ഡ് അംഗം രേണുക രാജേന്ദ്രന്‍, കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, ഡി ഇ ഒ എസ് ഷാജി, ചാത്തന്നൂര്‍ എ ഇ ഒ റോസമ്മ രാജന്‍, ചാത്തന്നൂര്‍ ബി പി സി സജീ റാണി, പ്രഥമാധ്യാപിക എല്‍ കമലമ്മ അമ്മ, പി ടി എ പ്രസിഡന്റ് കെ സേതുമാധവന്‍, മറ്റ് ജനപ്രതിനിധികള്‍ , രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags