നോ പാർക്കിങിൽ വാഹനം നിർത്തിട്ടത് ഫോട്ടോയെടുത്തു; ഹോം ഗാർഡിനെ ആക്രമിച്ച് ലീഗ് നേതാവ്
വയനാട്: നോ പാർക്കിങിൽ വാഹനം നിർത്തിട്ടത് ഫോട്ടോയെടുത്ത ഹോംഗാർഡിനുനേരെ മുസ്ലീംലീഗ് നേതാവിന്റെ ആക്രമണം. കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് ടി പി ജെയിംസിനെയാണ് കണിയാമ്പറ്റ മുസ്ലീംലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി പി ഷുക്കൂർ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചത്.
കമ്പളക്കാട് മുത്തൂറ്റ് ഫിനാൻസിന് മുമ്പിൽ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഹെൽമറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ടി പി ജെയിംസിന്റെ മുഖത്തിന് പരിക്കേറ്റു. മുൻവശത്തെ പല്ലുകൾ ഇളകി ചുണ്ടുകൾ പൊട്ടിയ നിലയിൽ ഇദ്ദേഹത്തെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൗണിൽ ഗതാഗത തടസമുണ്ടാക്കും വിധം ബൈക്ക് നിർത്തിയിട്ടത് ഫോട്ടോ എടുത്തതാണ് പ്രകോപനമുണ്ടാക്കിയത്. ഫോട്ടോ എടുത്തതിന്റെ പേരിൽ പിഴവന്നാൽ സമാധാനത്തിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയായിരുന്നു മർദ്ദനം.