കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന എൽ.ഡി.എഫ്-യു.ഡി.എഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം, അതിന് ബി.ജെ.പി അധികാരത്തിൽ വരണം ; രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബി.ജെ.പി അധികാരത്തിൽ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ സ്ഥാപനദിനത്തിൽ മാരാർജി ഭവനിൽ പതാക ഉയർത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതി, വികസനം, ,നിക്ഷേപം, തൊഴിൽ എന്നിവയുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ട. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഇന്ത്യയലുണ്ടായ മാറ്റം കേരളത്തിലും വരണം. ജനങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ എല്ലാ പ്രവർത്തകരുടെയും ദൗത്യവും കടമയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്നതാണ്. പുരോഗതി, വികസനം അവസരങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം, പ്രാപ്തി എന്നിവയാണ് ബി.ജെ.പിയുടെ ദൗത്യം. വികസിത കേരളം ഉണ്ടാകണം കേരളത്തിൽ മാറ്റമുണ്ടാകണം. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന എന്നതാണ് ബി.ജെ.പിയുടെ ലഷ്യം.
അതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസുകളിലും ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടെയുണ്ട് ഞങ്ങൾ എന്ന മുദ്രവാക്യവുമായി ബി.ജെ.പി ആരംഭിക്കുന്ന ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വിശദീകരിച്ചു. കേരളത്തിൽ ജില്ലാതലത്തിൽ 30 സംഘടനാ ജില്ലകളിലും ഈ മാസമവസാനത്തോടെ ഹെൽപ്പ് ഡസ്‌കുകൾ ആരംഭിക്കും.
ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള കേണൽ എസ്. ഡിന്നി, മേജർ ജനറൽ റിട്ട.പി.എസ്. നായർ, ഡോ.ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പൊതുപ്രവർത്തകനായ വിജയലാൽ ബി.എസ് തുടങ്ങിയവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
ബി.ജെ.പിയുടെ ആദ്യത്തെ സംസ്ഥാന അധ്യക്ഷൻ ഒ. രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, അഡ്വ.പി. സുധീർ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.