മൂന്നാം തവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ താൻ വീണ്ടും മന്ത്രിയായേക്കില്ല : ജി.ആർ അനിൽ

Public sector oil companies say there is no need to worry about domestic cylinders, strong action will be taken to prevent black marketing and hoarding: Minister GR Anil

 തിരുവനന്തപുരം : മൂന്നാം തവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ താൻ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ. മന്ത്രിയാക്കുന്നതും ജനപ്രതിനിധിയാക്കുന്നതും തമ്മിൽ വ്യത്യാസമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർക്കായി നിംസ് ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആർ. പ്രവീൺ, നിംസ് മെഡിസിറ്റിയിലെ ഡോ. എം. ഷഹബാസ് സൈലു, പി.ആർ.ഒ സരിൻ എന്നിവർ സംസാരിച്ചു.

അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. സി.പി.ഐയുടെ ഉറച്ച കോട്ടകളിലൊന്നായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ ജി.ആർ. അനിലിനെതിരെ അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും മത്സരത്തിനിറങ്ങിയത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം.

പരമ്പരാഗതമായി ഇടതുപക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന മണ്ഡലമാണെങ്കിലും യു.ഡി.എഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് വൻ വിജയമാണ് നേടിയത്. ആകെ 42 വാർഡുകളിൽ 29 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് 10 വാർഡുകളും ബി.ജെ.പി 3 വാർഡുകളും മാത്രമാണ് വിജയിച്ചത്. തന്റെ വികസന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പിലെ നേട്ടങ്ങളും മുൻനിർത്തിയായിരുന്നു ജി.ആർ. അനിലിന്റെ പ്രചാരണം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐ വിട്ടെത്തിയ മീനാങ്കൽ കുമാറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളുമാണ് ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയത്. മറുഭാ​ഗത്ത് ബി.ജെ.പിയുടെ യുവനേതാവായ യുവരാജ് ​ഗോകുലാണ് പോരിനിറങ്ങുന്നത്. നഗരസഭ പരിധിയിലെ സ്വാധീനമുപയോഗിച്ച് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

Tags