കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത; മൂന്നാർ യാത്ര ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നതിന് പിന്നാലെ പല ഇടങ്ങളിലും മണ്ണിടിച്ചിൽ സാധ്യത ഏറുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശം .
മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയുണ്ടായ മണ്ണൊലിപ്പിൽ സമീപത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീണതായും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന ആളുകളെ അധികൃതർ ഇവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
ദേശീയപാതയുടെ വീതികൂട്ടൽ നിർമ്മാണം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.റോഡുകളിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുമായി പൊലീസിനെയും മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത ഏറെയുള്ള മേഖലകളിൽ വിനോദസഞ്ചാരികളുടെയും മറ്റ് യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കലക്ടർ നിർദ്ദേശം നൽകി.
.jpg)

