ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂനികുതിയും പോക്കുവരവും ഇനി വേഗത്തിലാകും ; റവന്യൂ വകുപ്പ് ഭേദഗതി ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂനികുതി സ്വീകരിക്കുന്നതിലും പോക്കുവരവ് നടപടികളിലും ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുന്നതിലും വൻ ഇളവുകളുമായി റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. അനാവശ്യമായ താമസം ഒഴിവാക്കി ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് G.O.(Ms) No.122/2026/RD എന്ന നമ്പരിൽ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഡിജിറ്റൽ സർവേ (d-BTR) അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വില്ലേജുകളിൽ ഭൂനികുതി സ്വീകരിക്കുന്നതിനായി വില്ലേജ് ഓഫീസർമാർ വീണ്ടും സ്ഥലപരിശോധന നടത്തേണ്ടതില്ല. ഡിജിറ്റൽ സർവേ രേഖകൾ അന്തിമമാകുന്നതോടെ, നിലവിലുള്ള വൺ ടൈം വെരിഫിക്കേഷൻ (OTV) പ്രക്രിയകൾ ഇല്ലാതെ തന്നെ ഭൂവുടമകൾക്ക് ഐ.എൽ.ഐ.എം.എസ് (ILIMS) പോർട്ടൽ വഴി ഓൺലൈനായി നേരിട്ട് നികുതി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാകും.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പോക്കുവരവ് (Pre-Mutation Sketch) നടപടികളിലും നിർണായക മാറ്റങ്ങളുണ്ട്. സർവേ വകുപ്പ് സാക്ഷ്യപ്പെടുത്തിയ സർക്കാർ ഭൂമിയുടെ വിസ്തീർണം വില്ലേജ് ഓഫീസർ വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, പോക്കുവരവ് സ്കെച്ച് നൽകുമ്പോൾ സമീപത്തുള്ള സർക്കാർ ഭൂമിക്ക് വിസ്തീർണത്തിൽ കുറവ് വന്നിട്ടില്ലെന്ന് സർവേയറുടെ സഹായത്തോടെ ഉറപ്പുവരുത്തണം. ഭൂമിയെക്കുറിച്ച് വ്യക്തമായ പരാതികളോ തർക്കങ്ങളോ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഇനി വില്ലേജ് ഓഫീസർമാർ നേരിട്ട് പരിശോധന നടത്തുക. ഇത്തരം തർക്ക കേസുകളിൽ വില്ലേജ് ഓഫീസർക്ക് ജി.എൽ.ആർ.എം (GLRM) നടപടികളുമായി മുന്നോട്ട് പോകാം.
വൺ ടൈം സർട്ടിഫിക്കേഷൻ (OTC) നടപടികൾ വേഗത്തിലാക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (VFA), വില്ലേജ് അസിസ്റ്റന്റ് (VA), സ്പെഷ്യൽ വില്ലേജ് ഓഫീസർ (SVO) എന്നിവർക്കും ചുമതല നൽകിയിട്ടുണ്ട്. എങ്കിലും, മൂന്ന് വർഷമോ അതിൽക്കൂടുതലോ കാലയളവിൽ നികുതി അടയ്ക്കാത്ത കുടിശ്ശിക കേസുകളിൽ സുതാര്യത ഉറപ്പാക്കാൻ വില്ലേജ് ഓഫീസറുടെ ലോഗിനിൽ ലഭിക്കുന്ന ഒ.ടി.പി (OTP) ഉപയോഗിച്ച് മാത്രമേ വൺ ടൈം സർട്ടിഫിക്കേഷൻ പൂർത്തിയാക്കാൻ അനുവാദമുള്ളൂ.
വില്ലേജ് ഓഫീസർമാരുടെ ആവർത്തിച്ചുള്ള സ്ഥലപരിശോധനകൾ ഒഴിവാകുന്നതോടെ ഡിജിറ്റൽ സർവേ പൂർത്തിയായ പ്രദേശങ്ങളിലെ റവന്യൂ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
.jpg)

