സ്ഥാനാർത്ഥിയാകാതിരുന്നത് സോണിയ കാരണം അല്ല, തന്റെ വ്യക്തിപരമായ തീരുമാനപ്രകാരമാണ് അന്ന് പിന്മാറിയത് ; കെ.വി. തോമസിന്റെ പുസ്തകത്തിലെ വാദങ്ങൾ തീർത്തും അസത്യമെന്ന് പത്മജ വേണുഗോപാൽ
തൃശ്ശൂർ :കെ കരുണാകരൻറെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ, കെ.വി. തോമസിന്റെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം തീർത്തും അസത്യമാണെന്ന് പത്മജ ആരോപിച്ചു. ചാലക്കുടിയിൽ തന്നെ സ്ഥാനാർത്ഥിയാക്കാൻ പിതാവ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തന്റെ വ്യക്തിപരമായ തീരുമാനപ്രകാരമാണ് അന്ന് പിന്മാറിയതെന്നും അവർ വ്യക്തമാക്കി. കൂടാതെ, കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന തോമസിന്റെ വാദവും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അവർ കൂട്ടിച്ചേർത്തു.
കെ.വി. തോമസ് തന്റെ രാഷ്ട്രീയ വളർച്ചയ്ക്കായി കെ. കരുണാകരനെ ചതിച്ചുവെന്നും അദ്ദേഹത്തിന് സുഖമില്ലാതിരുന്ന കാലത്ത് എ.കെ. ആന്റണിയുടെ പാളയത്തിലേക്ക് കൂടുമാറിയെന്നും പത്മജ വിമർശിച്ചു. അധികാരത്തിന് വേണ്ടി ആരെയും ചതിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും, പിണറായി വിജയന്റെ അടുത്തേക്ക് പോയതും ഇതേ ലക്ഷ്യത്തോടെയാണെന്നും അവർ പറഞ്ഞു. മരിച്ചുപോയ ഒരു നേതാവിനെക്കുറിച്ച് അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ നടത്തുന്നത് പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും, കൂടുതൽ പ്രതികരിക്കാൻ തന്നെ നിർബന്ധിച്ചാൽ തോമസിന്റെ പഴയ ചരിത്രങ്ങൾ വിളിച്ചുപറയേണ്ടി വരുമെന്നും പത്മജ മുന്നറിയിപ്പ് നൽകി.
തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പത്മജ തന്റെ നിലപാട് വ്യക്തമാക്കി. തൃശ്ശൂരിലെ ചില ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായതിനെക്കുറിച്ച് പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എൽഡിഎഫിനോടുള്ള ജനങ്ങളുടെ കടുത്ത രോഷമാണ് ഇത്തവണ പ്രതിഫലിച്ചതെന്നും അവർ വിലയിരുത്തി. തൃശ്ശൂർ തന്റെ നാടാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത് സജീവമായി ഉണ്ടാകുമെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
.jpg)

