മുത്തങ്ങയിലെ വിധി നിരാശ ജനകമെന്ന് കൊല്ലപ്പെട്ട പൊലിസുകാരൻ്റെ സഹോദരൻ കെ വി ബാബു

K.V. Babu, brother of the slain police officer, termed the verdict in the Muthanga case disappointing.

ശ്രീകണ്ഠാപുരം:മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ എ പി പൊലീസ് കോൺസ്‌റ്റബിൾ കെ വി വിനോദ് കൊല്ലപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് സഹോദരൻകെ വി ബാബു പ്രതികരിച്ചു .മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്നും വിധി വരാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും കെ വി ബാബു ശ്രീകണ്ഠാപുരത്ത്മാധ്യമങ്ങളോട് പറഞ്ഞു.

'23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല.

 മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ സാങ്കേതിക കാര്യം പറഞ്ഞ് നിഷേധിച്ചു. ഒടുക്കം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നല്‍കിയിട്ടില്ല. അതും ലഭിച്ചിട്ടില്ല. ഞാനും സഹോദരിയും സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നാണ് പറഞ്ഞത്', കെ വി ബാബു പറഞ്ഞു. കേസ് നടത്തിപ്പില്‍ തൃപ്തിയില്ലെന്നും നീതി കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും റിട്ട. പൊലിസ് ഉദ്യോഗസ്ഥനായ കെ വി ബാബു പറഞ്ഞു.

Tags