കൊച്ചിയിലെ പ്രമുഖ കുഴിമന്തി റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധ
കൊച്ചി : കതൃക്കടവിലെ ‘അൽ റീം’ കുഴിമന്തി റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച മുതൽ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ വയറുവേദനയും അസ്വസ്ഥതകളും കണ്ടുതുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ ഇവിടുന്ന് മന്തി കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് ആളുകൾ ചികിത്സ തേടിയത്. കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ അൻപതോളം പേർ ഇതിനകം ചികിത്സ തേടിക്കഴിഞ്ഞു. വിവരം അറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതോടെ ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് രാവിലെ തന്നെ ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും, പരിശോധനാ ഫലം പുറത്തുവന്നാലുടൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
.jpg)

