'ബസ് ഓടിയത് ഇരട്ടിയിലേറെ വേഗത്തില്‍', കുറ്റിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിത വേഗത; മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്
ജൂലൈ 26നായിരുന്നു കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടമുണ്ടായത്
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ റിപ്പോർട്ട് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്.ജൂലൈ 26നായിരുന്നു കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടമുണ്ടായത്.
സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് ബസ് ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശി ഷബീറിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
അപകട കാരണം ബസിന്റെ അമിത വേഗതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണെന്നും എന്നാല്‍ അപകടത്തില്‍ പെട്ട ബസ് അനുവദിച്ചതിലും ഇരട്ടി വേഗത്തിലാണ് ഓടിച്ചതെന്നുമാണ് റിപ്പോർട്ട്.
അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളാണ് ഉള്ളതെന്നും അമിത വേഗതയില്‍ ആയതിനാല്‍ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തേത് വളക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബസിൻ്റെ അമിത വേഗത ഹൈഡ്രോപ്ലെയിനിങ് പ്രതിഭാസത്തിന് വഴിവെച്ചു. ഇത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെടാന്‍ കാരണമായെന്നും റിപ്പോർട്ടിൽ ഉണ്ട്.
.jpg)

