വൈറൽ വിവാഹം ..! മൊണാലിസയ്ക്ക് വയസ്സ് 18 തന്നെ,ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്
തിരുവനന്തപുരം: കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിക്ക് 18 വയസ്സ് തന്നെയെന്ന് പോലീസ്. രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം.
2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്. ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം.
.jpg)

