നെടുമ്പ്രം പഞ്ചായത്തിലെ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ് ; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

google news
kudumbasree

നെടുമ്പ്രം പഞ്ചായത്തിലെ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കുറ്റക്കാരായ സിഡിഎസ് അധ്യക്ഷ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ഭരണസമിതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയില്ല. സിപിഎം നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതു കൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ലക്ഷങ്ങളുടെ തട്ടിപ്പില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിഡിഎസ് അധ്യക്ഷ പികെ സുജ, അക്കൗണ്ടന്റ് എ ഷീനമോള്‍, മുന്‍ വിഇഒ ബിന്‍സി എന്നിവര്‍ക്കെതിരെ പൊലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ പഞ്ചായത്തുതല കുടുംബശ്രീ യോഗം തീരുമാനിച്ചതാണ്. നിലവിലെ മെമ്പര്‍ സെക്രട്ടറി ആയ വിഇഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നടപടി തീരുമാനിച്ച കുടുംബശ്രീ യോഗത്തിന്റെ മിനിറ്റ്‌സ് തയ്യാറായില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പൊലീസില്‍ പരാതി നല്‍കാതെ ഉഴപ്പുകയാണ് ഭരണസമിതി.

പ്രളയസഹായം, കിറ്റ് വിതരണം, മുഖ്യമന്ത്രിയുടെ വായ്പാ സഹായം തുടങ്ങി കുടുംബശ്രീയുടെ എല്ലാ പദ്ധതികളിലും കുടുംബശ്രീ ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പ!ഞ്ചായത്തില്‍ നേതാക്കളുടെ അറിവോടെയാണ് വമ്പന്‍ തട്ടിപ്പ് നടന്നതെന്നാണ് പ്രതിപക്ഷ ആരോപണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം

Tags