കുടുംബശ്രീ ക്രൈം മാപ്പിംഗ് എല്ലാ പഞ്ചായത്ത് തലങ്ങളിലും പ്രാവര്‍ത്തികമാക്കണം: വനിതാ കമ്മിഷന്‍

google news
ads


കുടുംബശ്രീ മിഷന്‍ രൂപകല്‍പ്പന ചെയ്ത ക്രൈം മാപ്പിംഗ് എല്ലാ പഞ്ചായത്ത് തലങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷനും കീഴ്മാട് ഗ്രാമപഞ്ചായത്തും  സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 

കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ക്രൈം മാപ്പിംഗ് നടത്തുമ്പോള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ലഹരി വസ്തുക്കളുടെ വ്യാപനം മൂലമുള്ള പ്രശ്നങ്ങള്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നടക്കാനിടയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി തിരിച്ചറിയാനും പോലീസിനും എക്സൈസ് വകുപ്പിനും അറിയിപ്പ് നല്‍കി നിരീക്ഷണത്തിലാക്കാനും അതുവഴി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുമുള്ള സാഹചര്യമൊരുക്കണം.
    നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ സംഭാവന ചെയ്യുന്നവരാണ് അതിഥി തൊഴിലാളികള്‍. 

അവരെ ബോധവത്ക്കരിക്കുന്നതിനും അവരുടെ ആരോഗ്യം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. കേരളത്തിലെ ചുറ്റുപാടുമായി ചേര്‍ന്ന് ജീവിക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിഥി തൊഴിലാളികളെയും കുടുംബങ്ങളെയും പ്രത്യേകം ബോധവത്ക്കരിക്കണം. അവര്‍ തൊഴില്‍ മേഖലകളില്‍ നേരിടുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കാനും എല്ലാ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിക്കാനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.  രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് മാത്രം തൊഴില്‍ നല്‍കാന്‍ ഓരോ തൊഴില്‍ ഉടമകളും ശ്രദ്ധിക്കണമെന്നും അധ്യക്ഷ പറഞ്ഞു.

  സ്ത്രീ സൗഹൃദമായ അന്തരീക്ഷമാണ് കമ്മിഷന്റെ ലക്ഷ്യം. അതിനായി 11 മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരില്‍ നിന്നും മനസിലാക്കാനുള്ള പബ്ലിക് ഹിയറിങ്ങ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പഠിക്കാനും അതില്‍ ഇടപെടാനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും കമ്മീഷന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


എടത്തല പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ എ.എന്‍. ഷാജു അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്റെ ആവശ്യകത, സ്ത്രീകളുടെയും കുട്ടികളടെയും സംരക്ഷണത്തിനായി പോലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്നിവ ക്ലാസില്‍ വിശദീകരിച്ചു,
  മുന്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ത്രീകളും സംരക്ഷണ നിയമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, സ്വകാര്യത എന്നിവ സംരക്ഷിക്കുന്നതില്‍ ഭരണഘടന ഉറപ്പാക്കുന്ന നിയമങ്ങള്‍ വിശദീകരിച്ചു.

  വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്നേഹ മോഹനന്‍, ബ്ലോക്ക് അംഗം ഷീജ പുളിക്കല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എല്‍സി ജോസഫ്, ഹിത ജയകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റസിയ അബ്ദുള്‍ ഖാദര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ.ജി. വിനീത, വിവിധ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags