നുണകൾ തിരുത്തി മാപ്പ് പറയണം; പത്മജയും പത്മിനി തോമസും ബൂത്തുകളിൽ പ്രവർത്തിക്കട്ടെയെന്ന് കെഎസ്‌യു പ്രസിഡന്റ്
തൃശൂർ: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരികെ വരുന്നുണ്ടെങ്കിൽ പാർട്ടിയോടും അണികളോടും മാപ്പുപറയണമെന്നും വിട്ടുപോയപ്പോൾ പറഞ്ഞ നുണകൾ തിരുത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും കോൺഗ്രസിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ, ഇവർക്ക് പച്ചപ്പരവതാനി വിരിക്കരുതെന്നും ബൂത്തുതലത്തിൽ പ്രവർത്തിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് പാർട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചുകൊണ്ട് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതെന്ന് അലോഷ്യസ് കുറ്റപ്പെടുത്തി. തിരികെ വരുന്നുണ്ടെങ്കിൽ അന്ന് പറഞ്ഞ രണ്ട് നുണകൾ തിരുത്തേണ്ടതുണ്ട്. കെ. കരുണാകരൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ബിജെപിയിൽ പോയേനെ എന്നതും, കോൺഗ്രസിലായിരുന്നപ്പോൾ തനിക്ക് മര്യാദയ്ക്ക് ചന്ദനക്കുറി തൊടാൻ പോലും കഴിയുമായിരുന്നില്ല എന്നതുമായ പരാമർശങ്ങൾ തിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം.
പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാൽ ഇവർക്ക് നൽകേണ്ടത് പച്ചപ്പരവതാനിയോ അധികാരത്തിന്റെ ശീതളതയോ അല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ കിടന്ന് പോരാടിയത് അവസരവാദവും അധികാരക്കൊതിയും മൂത്ത് പാളയങ്ങൾ മാറുന്നവർക്ക് വേണ്ടിയല്ല. കോൺഗ്രസിൽ 'സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ' കാലം കഴിഞ്ഞെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷം കഷ്ടപ്പെട്ട സാധാരണക്കാരായ പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെയെന്നും അലോഷ്യസ് സേവ്യർ കുറിച്ചു.
.jpg)

