കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകള്‍ നിർത്തി
ഒരു മാസത്തില്‍ ഏകദേശം 47 ലക്ഷം രൂപവരെ കെഎസ്‌ആർടിസി നികുതിയായി അടച്ച് വരികയായിരുന്നു.
കൊച്ചി :കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകള്‍ താത്കാലികമായി മാറ്റിവെച്ചു.നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെയാണ് യാത്രാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായത്.
അതേസമയം, നിലവിലുള്ള സംസ്ഥാനാന്തര സർവീസുകള്‍ തുടരുന്നതിന് തടസ്സമില്ല. എന്നാല്‍ കേരളത്തിന് പുറത്തേക്കുള്ള ബജറ്റ് ടൂറിസം യാത്രകള്‍ക്ക് ആവശ്യമായ താത്കാലിക പെർമിറ്റ് ലഭിക്കുന്നതിലാണ് പ്രതിസന്ധി. എം-പരിവാഹൻ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാനുള്ള നടപടികളാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്.
ഒരു മാസത്തില്‍ ഏകദേശം 47 ലക്ഷം രൂപവരെ കെഎസ്‌ആർടിസി നികുതിയായി അടച്ച് വരികയായിരുന്നു. 2018 മുതല്‍ സംസ്ഥാന സർക്കാർ പൂർണ നികുതിയിളവ് അനുവദിച്ചിരുന്നു. ഈ ഇളവിന്റെ കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചു. തുടർന്ന് അനുവദിച്ചിരുന്ന 45 ദിവസത്തെ അധിക സമയ പരിധിയും ഈ മാസം 14ന് അവസാനിച്ചു.
ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിലുള്ള ബസുകള്‍ക്കും സാധാരണ കെഎസ്‌ആർടിസി ബസുകള്‍ക്കുള്ള ഇളവിനോടൊപ്പം നികുതിയിളവ് ലഭിച്ച് വരികയായിരുന്നു. അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 5300 ബസുകള്‍ക്കായി കെഎസ്‌ആർടിസി സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം വന്ന ശേഷമേ ബജറ്റ് ടൂറിസം യാത്രകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കാനാകൂവെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് സ്വാഭാവികമായ ഭരണപരമായ കാലതാമസമാണെന്നും അവർ അറിയിച്ചു.
.jpg)

