കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

ksrtc

ജനുവരി 5ന് കെഎസ്ആര്‍ടിസി 13.01 കോടി രൂപ പ്രതിദിന ടിക്കറ്റ് വരുമാനം നേടിക്കൊണ്ട് സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിജയത്തിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആര്‍ടിസി 13.01 കോടി രൂപ പ്രതിദിന ടിക്കറ്റ് വരുമാനം നേടിക്കൊണ്ട് സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

tRootC1469263">

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

നവകേരള നിര്‍മ്മിതിയുടെ പാതയില്‍ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആര്‍ടിസി. കേരളത്തിന്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച സര്‍വ്വകാല പ്രതിദിന റെക്കോര്‍ഡ് വരുമാനം.
ജനുവരി 5, 2026-ല്‍ കെഎസ്ആര്‍ടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതില്‍ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബര്‍ എട്ടിന് കൈവരിച്ച 10.19 കോടി രൂപ എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ടിക്കറ്റിതര വരുമാനമായി 83.5 ലക്ഷം രൂപയും ഇതിനോടൊപ്പം സമാഹരിക്കാന്‍ സാധിച്ചു.
ഈ വിജയത്തിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളുണ്ട്:
പൊതുമേഖലയുടെ സംരക്ഷണം : രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോള്‍, അവയെ ചേര്‍ത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദല്‍ നയമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ചിട്ടയായ പ്രവര്‍ത്തനം : കെഎസ്ആര്‍ടിസിയുടെ 83 ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാര്‍ഗറ്റുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ഡിപ്പോകള്‍ക്ക് സാധിച്ചു.
ആധുനികവല്‍ക്കരണം: നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കാരങ്ങളും, പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
ഏകോപിത പരിശ്രമം: സര്‍ക്കാരിന്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്.
അഴിമതിരഹിതവും ജനപക്ഷത്തു നില്‍ക്കുന്നതുമായ വികസന മാതൃകയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കെഎസ്ആര്‍ടിസിയെ പൂര്‍ണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ അതിവേഗം അടുക്കുന്നു. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിത്..
നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

Tags