സ്വകാര്യ ബസുകൾ ഏറ്റെടുക്കാൻ കെഎസ്ആർടിസി; ഗതാഗതം നവീകരിക്കാൻ ആയിരം ബസുകൾ ഉടൻ നിരത്തിലിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ നവീകരിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നിർണ്ണായക നീക്കവുമായി ഗതാഗത വകുപ്പും കെഎസ്ആർടിസിയും രംഗത്ത്. വെറ്റ് ലീസ് വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ ഏറ്റെടുത്ത് സർവീസ് നടത്താൻ തത്വത്തിൽ ധാരണയായി. ആദ്യഘട്ടത്തിൽ ആയിരം ബസുകളാണ് കെഎസ്ആർടിസി ഇത്തരത്തിൽ സർവീസിനായി ലഭ്യമാക്കുന്നത്. ദീർഘദൂര റൂട്ടുകളിലും തെക്കൻ ജില്ലകളിലുമായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാക്കുക.
നിലവിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (LSO) സ്വകാര്യ ബസുകളെ കെഎസ്ആർടിസി ഏറ്റെടുക്കുമ്പോൾ അവയെ ഫാസ്റ്റ് പാസഞ്ചർ (FP) സർവീസുകളായി ഉയർത്തിയായിരിക്കും പ്രവർത്തിപ്പിക്കുക. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകളും ഉടൻ തന്നെ നിരത്തിലിറക്കും. ആധുനിക എയർ സസ്‌പെൻഷൻ സൗകര്യങ്ങളോടെ എത്തുന്ന ഈ ബസുകൾ ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിലാണ് വാടക നിശ്ചയിക്കുക. കിലോമീറ്ററിന് 55 രൂപ നൽകണമെന്ന് ഉടമകൾ ആവശ്യപ്പെടുമ്പോൾ, 50 രൂപ വരെ നൽകാനാണ് ഗതാഗത വകുപ്പ് താല്പര്യപ്പെടുന്നത്. വാടകത്തുക ആഴ്ചതോറും നൽകണമെന്ന ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വെറ്റ് ലീസ് മാനദണ്ഡങ്ങൾ പ്രകാരം ബസിന്റെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികൾ, ഡ്രൈവർ എന്നിവരുടെ ചുമതല ഉടമകൾക്കായിരിക്കും. എന്നാൽ ടിക്കറ്റ് വിതരണ ചുമതല കെഎസ്ആർടിസി കണ്ടക്ടർമാർ നിർവഹിക്കും. നിരക്കുകൾ സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. റോഡുകളിലെ മത്സരയോട്ടങ്ങളും അപകടങ്ങളും കുറയ്ക്കാൻ ഈ പുതിയ പദ്ധതി സഹായകരമാകുമെന്നാണ് ഗതാഗത വിദഗ്ധരുടെ വിലയിരുത്തൽ. പദ്ധതി പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ യാത്രാസൗകര്യങ്ങൾ വർധിക്കുമെന്നും പൊതുഗതാഗതം കൂടുതൽ ജനകീയമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
.jpg)

