സ്ത്രീകള്‍ക്ക് സൗജന്യയാത്ര: കെഎസ്‌ആര്‍ടിസിക്ക് പ്രതിമാസം 112 കോടിയുടെ അധികബാധ്യത വരുമെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ മുഴുവൻ കെഎസ്‌ആർടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൌജന്യ അനുമതി നല്‍കുകയാണെങ്കില്‍ പ്രതിമാസം 112 കോടി രൂപയുടെ ഭീമമായ നഷ്ടം കെഎസ്‌ആർടിസിക്ക് നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കെഎസ്‌ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി.സംസ്ഥാനത്തെ മുഴുവൻ കെഎസ്‌ആർടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൌജന്യ അനുമതി നല്‍കുകയാണെങ്കില്‍ പ്രതിമാസം 112 കോടി രൂപയുടെ ഭീമമായ നഷ്ടം കെഎസ്‌ആർടിസിക്ക് നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓർഡിനറി ബസുകളില്‍ മാത്രം പദ്ധതി പരിമിതപ്പെടുത്തിയാല്‍ പ്രതിമാസം 57 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് മൂന്ന് മാസത്തെ യാത്രാവിവരങ്ങള്‍ വിശകലനം ചെയ്തുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ഓർഡിനറിയോടൊപ്പം സിറ്റി ഫാസ്റ്റ് ബസുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്ടം 65 കോടിയായും, ഫാസ്റ്റും സൂപ്പർഫാസ്റ്റും അടക്കമുള്ള സർവീസുകളിലേക്ക് വ്യാപിപ്പിച്ചാല്‍ അത് 90 കോടിയായും ഉയരും.
പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നതെന്നാണ് ജൻഡർ ടിക്കറ്റിങ് സംവിധാനത്തിലൂടെ കെഎസ്‌ആർടിസി ശേഖരിച്ച പ്രാഥമിക കണക്ക്. വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അയല്‍സംസ്ഥാനങ്ങളായ കർണാടകയില്‍ എസി, സ്ലീപ്പർ ബസുകളെ ഒഴിവാക്കിയും, തമിഴ്നാട്ടില്‍ ഓർഡിനറി ബസുകളില്‍ മാത്രമായും സ്ത്രീ സൗജന്യയാത്ര പരിമിതപ്പെടുത്തിയ മാതൃകകള്‍ കേരളത്തിന്റെ മുന്നിലുണ്ട്.
നിലവില്‍ പ്രായപരിധിയോ പ്രത്യേക കാർഡുകളോ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ആനുകൂല്യം നല്‍കാനാണ് ആലോചനയെങ്കിലും, ഇത് ഏതൊക്കെ ബസുകളില്‍ ലഭ്യമാക്കണം, മറ്റ് ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ഇത് ബാധകമാക്കണോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ പൂർണ്ണമായും, ഫാസ്റ്റ് പാസഞ്ചറുകളില്‍ നിശ്ചിത ദൂരം വരെയും സൗജന്യം നല്‍കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. പദ്ധതിയുടെ സാമ്പത്തിക ബാധ്യതകള്‍ പൂർണ്ണമായി വിലയിരുത്തിയ ശേഷമാകും സർക്കാർ ഇതില്‍ അന്തിമ പ്രഖ്യാപനം നടത്തുക.
.jpg)

