പ്രിയദര്ശിനി പദ്ധതി നടപ്പാക്കിയതോടെ കളക്ഷൻ കുറഞ്ഞു : നഷ്ടത്തിലായ സ്വകാര്യ ബസുടമകൾ നാളെ ഗതാഗത മന്ത്രിയെ കാണും
കോട്ടയം: പ്രിയദര്ശിനി പദ്ധതി നടപ്പാക്കിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസുടമകള് നാളെ ഗതാഗത മന്ത്രിയെ കാണും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ബസുടമകളാണ് ഗതാഗത മന്ത്രിയെ കണ്ടു കാര്യങ്ങള് വിശദീകരിക്കാന് തയാറെടുക്കുന്നത്.
പ്രിയദര്ശിനി സൗജന്യയാത്ര മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ വിഷയങ്ങള് പഠിക്കുന്നതിനു വേണ്ടി സംസ്ഥാന സര്ക്കാര് നിയോഗിച്ച പത്മകുമാര് കമ്മിഷന് റിപ്പോര്ട്ട് ദിവസങ്ങള്ക്കു മുമ്പു സര്ക്കാരിനു സമര്പ്പിച്ചിരുന്നു. ഈ റിപ്പോര്ട്ടില് ബസുടകള്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാനുള്ള നിര്ദേശങ്ങള് ഉള്പ്പെടുത്തിയിട്ടില്ലെന്നു ബസുടമകള് പറയുന്നു.
ആദ്യഘട്ടത്തിലുണ്ടായ ചര്ച്ചകളില് 40 ശതമാനത്തോളം സ്വകാര്യ ബസുകളെ പ്രിയദര്ശിനി പദ്ധതി ബാധിച്ചതായി മന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. അതില്ത്തന്നെ 20 ശതമാനം ബസുകള് ഒരു കാരണവശാലും സര്വീസ് നടത്താന് സാധിക്കാത്ത സ്ഥിതിയിലാണ്. നഷ്ടക്കയത്തില് സര്വീസ് തുടരുന്ന ഇത്തരം ബസുകളുടെ ചെലവു കുറയ്ക്കാനോ, വരുമാനം വര്ധിപ്പിക്കാനോ സാധിക്കുന്ന തരത്തിലുള്ള നിര്ദേശങ്ങള് റിപ്പോര്ട്ടില് ഉള്പ്പെടുത്തിയിട്ടില്ല.
ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബസുടമകള് മന്ത്രിയെ നേരില്ക്കണ്ടു കാര്യങ്ങള് വിശദീകരിക്കുന്നത്. യോഗത്തില് സര്ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിര്ദേശംകൂടി ലഭിച്ചശേഷം യോഗം ചേര്ന്നു ഭാവി കാര്യങ്ങള് തീരുമാനിക്കും.
കമ്മിഷന് റിപ്പോര്ട്ടില് പറയുന്ന പല നിര്ദേശങ്ങളും ഉടനടി നടപ്പാക്കാന് സാധിക്കില്ല. ഇന്ഷ്വറന്സിലെ കുറവ്, കെഎസ്‌ആര്ടിസി ബസുടകളുടെ സമയക്രമം പുനഃക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങള് തീര്പ്പാക്കാന് സമയമെടുക്കും. കഴിഞ്ഞ 15 വര്ഷമായി തുടരുന്ന വിദ്യാര്ഥികളുടെ കണ്സഷന് നിരക്കില് മാറ്റമില്ലാത്തതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
.jpg)

