സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക കെഎസ്ആർടിസിയുടെ ലക്ഷ്യം: മന്ത്രി കെ ബി ഗണേഷ്‌കുമാർ

k b ganeshkumar
k b ganeshkumar


പാലക്കാ‍‌ട് : സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പാലക്കാട് കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെയും  പുതുതായി ആരംഭിക്കുന്ന സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ  ബാംഗ്ലൂരിലേക്കുള്ള 48 പെർമിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങൾ ഉള്ള ബസുകൾ ഇറക്കും. ക്രിസ്തുമസ് ഓണം സമയങ്ങളിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരെ  ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കും.

 ഗ്രാമീണ മേഖലയിലേക്കുള്ള ചെറിയ ബസുകൾ ഓർഡർ ചെയ്തു കഴിഞ്ഞു. ഗതാഗത മേഖലയിലെ 80 ശതമാനം വിപണി കയ്യിലാക്കുക എന്നതാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ബഡ്ജറ്റ് ടൂറിസത്തിലൂടെ 185 ശതമാനം വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. തമിഴ്‌നാട്ടിലേക്ക് പുതിയ 50 ബസ്സുകൾ ഇറക്കും.  ബസ് റൂട്ട്കളിൽ കളക്ഷൻ ഉറപ്പിക്കാൻ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. പാലക്കാട് ജില്ലയിലെ കെഎസ്ആർടിസി ടെർമിനലിലുള്ള ടോയ്‌ലറ്റ് പരിപാലിക്കുന്നതിന് കോപ്പറേറ്റീവ് സൊസൈറ്റിയായ സുലഭിനെ ഏൽപ്പിക്കും.

 കെഎസ്ആർടിസി ബസ് സ്റ്റാൻഡും യാഡുകളും ക്ലീൻ ചെയ്യുന്നതിന് കോൺട്രാക്ട് നൽകാനാണ് തീരുമാനം. ഇതിനായി ടെൻഡർ വിളിച്ചു കഴിഞ്ഞു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും വൃത്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. പാലക്കാട് കെഎസ്ആർടിസിയിലെ പഴയ ടോയ്‌ലറ്റ് മാറ്റി സ്ഥാപിച്ചതിനു ശേഷം മാത്രമേ അവിടെ ഇന്ധന പമ്പിന്റെ പണി തുടങ്ങു. കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും വരുമാനം വർദ്ധിപ്പിക്കാനാണ് ജീവനക്കാരുടെയും സർക്കാരിന്റെയും ലക്ഷ്യം.കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് വഴി അയക്കുന്ന സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ പദ്ധതിയുണ്ട് ഇതിന് സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കും.

 ബസ്സുകളിൽ നിന്നുള്ള പരസ്യ വരുമാനം 9 കോടിയിൽ നിന്ന് 18 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞു. കെഎസ്ആർടിസിയുടെ കോംപ്ലക്‌സുകളിൽ നിന്ന് വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.  ജീവനക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനും വലിയ പരിഗണനയാണ് നൽകുന്നത്. സംസ്ഥാനത്ത് ജീവനക്കാർക്ക് എസി താമസ സൗകര്യം ഒരുക്കിയ ആദ്യ ജില്ല പാലക്കാടാണ് എന്നും മന്ത്രി പറഞ്ഞു.  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. വി കെ ശ്രീകണ്ഠൻ എംപി പരിപാടിയിൽ മുഖ്യാതിഥിയായി.കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോദ് ശങ്കർ, ആർടിഒ സി യു മുജീബ് ഉൾപ്പെടെ ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. പാലക്കാട് കോഴിക്കോട് റൂട്ടിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റും മൈസൂർ റൂട്ടിൽ സൂപ്പർ ഡീലക്‌സുമാണ് ഇന്നുമുതൽ പാലക്കാടിൽ നിന്നും സർവീസ് തുടങ്ങിയത്.

Tags