ചരിത്രനേട്ടം സ്വന്തമാക്കി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; ഒറ്റദിവസം നേടിയത് 29 ലക്ഷത്തിലേറെ രൂപ വരുമാനം
ചരിത്രനേട്ടം സ്വന്തമാക്കി കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31-ാം തീയതി ടിക്കറ്റ് ഇനത്തിൽ മാത്രം ഡിപ്പോയ്ക്ക് ലഭിച്ചത് റെക്കോർഡ് തുകയായ 29,88,679 രൂപയാണ്. ലക്ഷ്യമിട്ട 25.10 ലക്ഷം രൂപയെ നിഷ്പ്രഭമാക്കിയാണ് ഡിപ്പോ ഈ വലിയ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസം കൊണ്ട് 95 സർവീസുകളാണ് എറണാകുളത്തുനിന്ന് മാത്രം വിജയകരമായി ഓപ്പറേറ്റ് ചെയ്തത്.
യാത്രക്കാരുടെ വർധിച്ച തിരക്ക് മുൻകൂട്ടിക്കണ്ട് അധിക സർവീസുകൾ ഏർപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പ്രധാന കാരണം. ഞായറാഴ്ച ഉച്ചയ്ക്കുശേഷവും തിങ്കളാഴ്ചയുമായി ബെംഗളൂരുവിലേക്ക് മാത്രം 10 പ്രത്യേക സർവീസുകളും ചെന്നൈയിലേക്ക് ഒരു അധിക സർവീസും നടത്തി. ഇതിനുപുറമേ തിരുവനന്തപുരം, കോഴിക്കോട് റൂട്ടുകളിലേക്ക് നാല് എസി ലോഫ്ലോർ ബസുകളും ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങളിലായി നിരവധി സ്പെഷ്യൽ സർവീസുകളും സജ്ജീകരിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി.
.jpg)

