യാത്രക്കാരോട് കെ.എസ്.ആർ.ടി.സി.ജീവനക്കാർ മാന്യമായി പെരുമാറണം - മനുഷ്യാവകാശ കമ്മിഷൻ

ksrtc


കോട്ടയം: യാത്രക്കാരെ മാന്യ ഉപഭോക്താക്കളായി കണ്ട് അവർക്ക് അർഹമായ പരിഗണനയും ബഹുമാനവും നൽകാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാർ സന്നദ്ധരാകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

യാത്രക്കാരിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കും സഹായങ്ങൾ നൽകാൻ ജീവനക്കാർ തയ്യാറാകണം. ബസിൽ കയറാനും ഇറങ്ങാനും മതിയായ സമയം അനുവദിക്കണം. യാത്രക്കാരുടെ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം.യാത്രക്കാരോട് വിനയത്തോടെയും മാന്യമായും പെരുമാറുകയെന്നത് ഒരു തൊഴിൽ ഉത്തരവാദിത്വം മാത്രമല്ല മനുഷ്യാവകാശപരമായ ഒരു കടമ കൂടിയാണെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു.

ഒരു അപകടത്തെത്തുടർന്ന് ശാരീരികപ്രയാസം നേരിടുന്ന കട്ടച്ചിറ സ്വദേശി കെ.വി. അനൂപിനോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. 2023 സെപ്റ്റംബർ എട്ടിന് ഏറ്റുമാനൂരിൽനിന്ന് ഈരാറ്റുപേട്ടയ്ക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിൽ കയറിയപ്പോൾ കട്ടച്ചിറപ്പള്ളി ജങ്‌ഷനിൽ ബസ് നിർത്തിയില്ലെന്നതാണ് തർക്കത്തിന് കാരണമായത്. പോലീസും കെ.എസ്.ആർ.ടി.സി.യും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.
 

Tags