ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് രണ്ടു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

reels

ജീവനക്കാരനായ അഭിജിത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കര്‍ശന നടപടി സ്വീകരിച്ചത്

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കര ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ അഭിജിത്തിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കര്‍ശന നടപടി സ്വീകരിച്ചത്. രണ്ട് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ ഇയാള്‍ക്ക് മറ്റ് വാഹനങ്ങളും ഓടിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല.


കൊട്ടാരക്കരയില്‍ വെച്ച് സര്‍വീസ് നടത്തുന്നതിനിടെ ഡ്രൈവര്‍ നിരന്തരം മൊബൈല്‍ ഫോണില്‍ റീല്‍സ് ശ്രദ്ധിക്കുന്നത് ബസ്സിലെ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് അധികൃതര്‍ നടപടിക്രമങ്ങളിലേക്ക് കടന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി അഭിജിത്ത് സമ്മതിച്ചെങ്കിലും റീല്‍സ് കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.

Tags