കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസിന് തുടക്കം: ചരിത്രപരമായ ചുവടുവയ്പ്പെന്ന് മന്ത്രി സി പി ജോൺ
കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി ചരിത്രപരമായ ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ളീറ്റായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ മൊബൈൽ ഫോണുകളാണ് ആദ്യമായി കെഎസ്ആർടിസിയുടെ ട്രക്കിൽ എറണാകുളത്തേക്ക് കയറ്റിയയച്ചത്. സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് കാർഗോ സേവനത്തിനായി കെഎസ്ആർടിസിക്ക് പിന്തുണ നൽകുന്നത്.
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസലർ ഷീബ പാട്രിക് അധ്യക്ഷയായി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. പി എസ് പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി കെ അജു, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


