കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം ; യുവാവ് റിമാൻഡിൽ

google news
mfkfol

അത്താണി: ബസ് യാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെയാണ്​ (27) അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.

സിനിമ പ്രവർത്തകയായ തൃശൂർ സ്വദേശിനിയോടാണ് മോശമായി പെരുമാറിയത്. യുവതി കെ.എസ്.ആർ.ടി.സി ബസിൽ തൃശൂരില്‍ നിന്ന്​ എറണാകുളത്തേക്ക് പോകുകയായിരുന്നു. അങ്കമാലിയിൽ നിന്നാണ് സവാദ് ബസിൽ കയറിയത്. സ്ത്രീകൾക്ക് മുൻഗണനയുള്ള മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഈ യുവതിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്.

ബസ് അങ്കമാലിയിൽ നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാൻ തുടങ്ങി. ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി ചാടി എഴുന്നേറ്റു. യുവതി പ്രതികരിച്ചതോടെ വിവരം പൊലീസിനെ അറിയിക്കാൻ അത്താണി സിഗ്നലിൽ ബസ് ഒതുക്കി നിർത്തി.

പന്തികേട് മനസ്സിലാക്കിയ സവാദ് കണ്ടക്ടര്‍ കെ.കെ. പ്രദീപിനെ തള്ളിമാറ്റി ഇറങ്ങിയോടി. പിന്നാലെ ഓടിച്ചെന്ന് കണ്ടക്ടർ പിടിച്ചെങ്കിലും സവാദ് കുതറിമാറി. ഉടന്‍ ഡ്രൈവര്‍ പി.ഡി. ജോഷിയും പിന്നാലെ ഓടി. എയര്‍പോര്‍ട്ട് സിഗ്നല്‍ ജങ്ഷനില്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ബസിലെ ദൃശ്യങ്ങളും കണ്ടക്​ടറെ തള്ളിമാറ്റി സവാദ് ഓടുന്ന ദൃശ്യങ്ങളും യുവതി പോസ്റ്റ്‌ ചെയ്തതോടെ സംഭവം വൈറലായി.

Tags