കെ.എസ്.ആർ.ടി.സി.യുടെ 5 പുതിയ വെറ്റ് ലീസ് ബസുകൾ നിരത്തിലിറങ്ങി
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകി കെ.എസ്.ആർ.ടി.സി.യുടെ വെറ്റ് ലീസ് വ്യവസ്ഥയിലുള്ള അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് പുതുതായി നിരത്തിലിറക്കിയിരിക്കുന്നത്. പൊതുഗതാഗത സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി.യുടെ ഈ പുതിയ ചുവടുവെപ്പ്.
പുതിയ ബസുകൾ ഉൾപ്പെടുത്തി തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് രാത്രി 12.30-ന് പുറപ്പെടുന്ന എ.സി പാലക്കാട് സർവീസ് രാവിലെ 9.40-ന് പാലക്കാട്ടെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 1.45-ന് ആരംഭിച്ച് രാത്രി 11.45-ന് തിരുവനന്തപുരത്ത് അവസാനിക്കും. 467 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. രാവിലെ 7.30-ന് പുറപ്പെടുന്ന നോൺ എ.സി പാലക്കാട് സർവീസ് വൈകിട്ട് 5.15-ന് അവിടെയെത്തുകയും, രാത്രി 10.45-ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്യും. 411 രൂപയാണ് ഇതിന്റെ നിരക്ക്.
അമൃതയിലേക്കുള്ള നോൺ എ.സി ബസ് സർവീസ് പ്രതിദിനം രാവിലെ 5.15-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 11.30-ഓടെ ലക്ഷ്യസ്ഥാനത്തെത്തും. ഉച്ചയ്ക്ക് 1.20-ന് അമൃതയിൽനിന്ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 8 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. 276 രൂപയാണ് ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക്. പുതിയ സർവീസുകൾ ആരംഭിച്ചതോടെ ദീർഘദൂര യാത്രക്കാർക്ക് യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാകും.
.jpg)

