പാലക്കാട് ഡിപ്പോയുടെ പരിസരത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച കേസ് : പ്രതി അറസ്റ്റില്‍

ksrtc

പാലക്കാട്: പാലക്കാട് ഡിപ്പോയുടെ പരിസരത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റില്‍. മേപ്പറച്ച് നെല്ലിക്കാട് കാദര്‍ മന്‍സിലില്‍ ഫാസില്‍ (28) നെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 7 ന് ബസ് എടുത്ത് ടൗണിലൂടെ ഓടിച്ച് മാര്‍ക്കറ്റ് റോഡിലൂടെ സാഹസികമായി അമിത വേഗത്തില്‍ പോവുകയും വഴിയിലുള്ള ഒരു കടമുറി തകര്‍ക്കുകയും ബസിന്റെ പല ഭാഗങ്ങളും കേടുപാടുകള്‍ ഉണ്ടാക്കിയ ശേഷം മംഗളം ടവറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിടുകയുമായിരുന്നു.

ബസ് മോഷണം നടത്തിയതിന്റെ അടുത്ത ദിവസം ടൗണില്‍ നിന്നും ഒരു ദോസ്ത് വാഹനം കൂടി മോഷണം നടത്തിയതും ഫാസില്‍ ആണെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് മുന്‍പ് ഇടുക്കി അടിമാലിയില്‍ കൊലപാതക ശ്രമത്തിന് കേസുണ്ട്. പാലക്കാട് നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ അടിപടി, കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പ്രതിക്ക് സഹായം നല്‍കിയ ആളെകുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പാലക്കാട് ടൗണ്‍ സൗത്ത് സബ് ഇന്‍സ്‌പെക്ടര്‍ ഷബീബ് റഹ്മാന്‍, സാലി.കെ, എ.എസ്.ഐ: എം. സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മന്‍സൂര്‍, ആര്‍. രാജീദ്, ഷാലു. കെ.എസ്, സുരേഷ് ബാബു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags