കെഎസ്ആര്‍ടിസി ബസ് റീഫര്‍ബിഷ്മെന്റ് പദ്ധതി: ആദ്യഘട്ടം പൂര്‍ത്തിയായ ബസുകളുടെ ഫ്‌ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി നിര്‍വഹിക്കും
ആദ്യഘട്ടത്തില്‍ 14 ബസുകളാണ് റീഫര്‍ബിഷ്മെന്റ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്.
കെഎസ്ആര്‍ടിസിയുടെ ബസ് ഫ്‌ലീറ്റിന്റെ നിലവാരം ഉയര്‍ത്തുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനുമായി നടപ്പാക്കി വരുന്ന ബസ് റീഫര്‍ബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 14 ബസുകളാണ് റീഫര്‍ബിഷ്മെന്റ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയില്‍ പുനരുപയോഗിക്കാവുന്ന ബസുകളെ തിരഞ്ഞെടുക്കുകയും അവയുടെ വിവിധ ഭാഗങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി കൂടുതല്‍ മികച്ച നിലയിലേക്ക് കൊണ്ടുവരികയുമാണ് റീഫര്‍ബിഷ്മെന്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ BS3, BS4 കാറ്റഗറിയില്‍ വരുന്ന ബസുകളെയാണ് റീഫര്‍ബിഷ് ചെയ്യുന്നത്. ബസുകളുടെ പുറംഭാഗത്തിന്റെയും അകത്തളത്തിന്റെയും മികവ് വര്‍ധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കല്‍ ഘടകങ്ങള്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, സീറ്റുകള്‍, ലൈറ്റിംഗ്, ഫ്‌ലോര്‍, വിന്‍ഡോകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ആവശ്യമായ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നു. റീഫര്‍ബിഷ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഞ്ചിന്റെ പ്രവര്‍ത്തനനിലവാരവും പ്രത്യേകമായി പരിശോധിക്കുന്നു. പ്രകടനത്തില്‍ കുറവ് കണ്ടെത്തുന്ന എഞ്ചിനുകള്‍ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി റീകണ്ടീഷനിംഗ് നടത്തുന്നു.
ഇത്തരത്തില്‍ എഞ്ചിന്‍ റീകണ്ടീഷനിംഗ് നടത്തിയ ബസുകളില്‍ നടത്തിയ പോല്യൂഷന്‍ പരിശോധനകളില്‍ പൊല്യൂഷന്‍ ലെവലില്‍ ഏകദേശം 80-85 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി പരിശോധനാ ഫലങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറയ്ക്കുന്നതിനും സഹായകരമാണ്. ഇതിലൂടെ നിലവിലുള്ള ബസുകളുടെ ഉപയോഗകാലം ഫലപ്രദമായി വര്‍ധിപ്പിക്കാനും പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനും സാധിക്കും.
അതോടൊപ്പം, മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്താനും സാധിക്കും. റീഫര്‍ബിഷ്മെന്റ് പൂര്‍ത്തിയാകുന്ന ബസുകള്‍ കൂടുതല്‍ ആകര്‍ഷകമായ രൂപത്തിലും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോടെയും സര്‍വീസിനായി നിരത്തിലിറങ്ങുന്നതോടെ കെഎസ്ആര്‍ടിസിയുടെ യാത്രാസേവന നിലവാരം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീഫര്‍ബിഷ്മെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യഘട്ടത്തിലെ 14 ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം 2026 ആഗസ്റ്റ് 13 വ്യാഴാഴ്ച തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നടക്കും.
.jpg)

