പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞ സംഭവം ; വിശദീകരണവുമായി അധികൃതർ

Panniyankara toll plaza

 തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ട സംഭവത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്ത്. ഫാസ്റ്റാഗ് പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും, ബസ്സുകൾ തടയാൻ ഇടയാക്കിയത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക വീഴ്ചയാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെ ഇത്തവണ കെഎസ്ആർടിസിയുടെ പെയ്മെന്റ് ചുമതല യൂണിയൻ ബാങ്കിനാണ് നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ ബാങ്ക് വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ട് ഉടൻ കെഎസ്ആർടിസിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് തൃശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ച് കെഎസ്ആർടിസി ബസ്സുകൾ പന്നിയങ്കര ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ടോൾ തുകയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട ശേഷം ബസുകൾ മാറ്റിയിടുകയായിരുന്നു. പിന്നീട് യാത്രക്കാർ മറ്റ് വാഹനങ്ങളിൽ കയറി യാത്ര തുടരുകയും, കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾ തുക ഒടുക്കിയ ശേഷവുമാണ് ബസ്സുകൾ കടത്തിവിട്ടത്.

Tags