നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കി സര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ബസുകള്‍ വാങ്ങാനാണ് തുക വിനിയോഗിക്കുക. ഇതിനായി കിഫ്ബിയില്‍ നിന്നും 814 കോടി രൂപയാണ് വായ്പ എടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 150 ഇലക്ട്രിക് ബസുകളും, 284 ഡീസല്‍ ബസുകളും വാങ്ങാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ആന്റണി രാജു, കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവര്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തുക അനുവദിക്കാനുള്ള അനുമതി നല്‍കിയത്. കാലപ്പഴക്കം ചേര്‍ന്ന ബസുകള്‍ ഒഴിവാക്കി, പുതിയ ബസുകള്‍ നിരത്തിലെത്തുന്നതോടെ വലിയ തുക ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. കൂടുതലായി 800 ബസ് നിരത്തിലിറക്കുന്നതോടെ പ്രതിമാസം 300 കോടി രൂപയുടെ ലാഭമാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ഇത്രയും ബസുകള്‍ ഒന്നിച്ചു വാങ്ങുന്നതും, ഇത്രയും തുക വിനിയോഗിക്കുന്നതും.