മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ കെ.എസ്.ഇ.ബി സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടി ; പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടന

The delay in the Chief Minister's decision has tarnished his image: Sunny Joseph

ഏകപക്ഷീയമായ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. കണ്ണൂര്‍ സെക്ഷന്‍ സബ് എന്‍ജിനീയര്‍ പി.വി. സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്ത ഏകപക്ഷീയമായ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കത്തുന്ന എ.ബി  സ്വിച്ചില്‍ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എന്‍ജിനീയര്‍ ശ്രമിച്ചതെന്ന് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നില്ല. അപകട സാധ്യത മുന്നില്‍ കാണുമ്പോള്‍ അറ്റകുറ്റപ്പണി നടത്താതെ അപകടം വിളിച്ചുവരുത്തുകയാണോ വേണ്ടതെന്ന് സംഘടന ചോദിച്ചു. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച രാവിലെ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങിനിടെയാണ് സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയതിന് പിന്നാലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയതെന്നും, പിന്നീട് ജനറേറ്റര്‍ എത്തിച്ചാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോയതെന്നും അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കണ്ണൂര്‍ എം.എല്‍.എ ടി.ഒ. മോഹനന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സബ് എന്‍ജിനീയര്‍ പി.വി. സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്.

Tags