സസ്പെൻഷനിലായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സസ്പെൻഷനിലുള്ള ഒരാളെ അഡീഷണൽ പിഎ ആയി നിയമിക്കാൻ കത്ത് നൽകിയത് ഒരു തരത്തിലും അഭികാമ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ ഇത്തരമൊരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്നതാണ് കെപിസിസിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാളയം പ്രദീപിനെ 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ, രമ്യ ഹരിദാസ് കത്ത് നൽകിയ തീയതി കെപിസിസി പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴിൽ സംഘർഷം ഉണ്ടായതിന് ശേഷമാണ് പ്രദീപിന് വേണ്ടി രമ്യ ഇത്തരമൊരു കത്ത് നൽകിയതെങ്കിൽ അത് പാർട്ടിക്ക് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സംഭവം നടന്ന് പാർട്ടി അച്ചടക്ക നടപടി പ്രഖ്യാപിച്ച ശേഷം പ്രദീപിനെ രക്ഷിച്ചെടുക്കാനാണ് ഈ നീക്കമെങ്കിൽ ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമായാണ് നേതൃത്വം ഇതിനെ കണക്കാക്കുക.
ചിറയിൻകീഴിലെ പരസ്യമായ ചേരിപ്പോരും കയ്യാങ്കളിയും കോൺഗ്രസ് പ്രസ്ഥാനത്തിന് പൊതുസമൂഹത്തിൽ വലിയ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയതെന്ന് കെപിസിസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. ഗൗരവതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഞായറാഴ്ച സസ്പെൻഡ് ചെയ്തത്.
.jpg)

