കോഴിക്കോട് നാല് വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം

dog

അമ്മയോടൊപ്പം വീടിന് പുറത്തിറങ്ങിയ നാല് വയസ്സുകാരനെ തെരുവ് നായ കടിച്ചു കീറി. കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയിൽ താമസിക്കുന്ന അരുൺരാജിൻറെയും മണിമേഖലയുടെയും മകൻ അയാനാണ് തെരുവ്‌നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മണിമേഖല കുഞ്ഞുമായി കിണറ്റിൻ കരയിലേക്ക് കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഉടൻ തന്നെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ മോചിപ്പിച്ചത്. എന്നാൽ ഇതിനകം തന്നെ കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റിരുന്നു. ഉടൻ തന്നെ അയാനെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ എത്തിച്ച്‌ പോസ്റ്റുമോർട്ടം നടത്തി. അതേസമയം ജഢം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Tags