ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

c

കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്.

മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു..മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി ആഭരണം കൈവശപ്പെടുത്തി പ്രതി സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു.

കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്.

കേസില്‍ സഫര്‍നാസിന്റെ സഹോദരന്‍ നടക്കാവ് നാലുകുടിപ്പറമ്പില്‍ റാഹാമറിയം വീട്ടില്‍ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തുകൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്.

സഹോദരന്‍ ഷഫീഖിന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഫര്‍നാസിനെ പിടികൂടിയത്. ഇയാള്‍ക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.

Tags