കോഴിക്കോട് മദ്യലഹരിയിലുണ്ടായ വഴക്കിനിടെ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
കോഴിക്കോട് : കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ കത്തറമ്മലിൽ മദ്യലഹരിയിലുണ്ടായ വഴക്കിനിടെ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. കത്തറമ്മൽ ചോയിമഠം റോഡിൽ താനിരിക്കുംപൊയിൽ വീട്ടിൽ പ്രസാദ്കുമാർ (49) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ പ്രമോദ് കുമാറിനെ (53) കൊടുവള്ളി പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അവിവാഹിതരായ ഇരുവരും വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കൂലിപ്പണിക്കാരായ ഇവർ മദ്യപിച്ചെത്തി പരസ്പരം കലഹിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെ പ്രമോദ്കുമാർ വീട്ടിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെ, മദ്യപിച്ചെത്തിയ പ്രസാദ് വീട്ടിലെ ലൈറ്റ് കെടുത്തി. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ കുത്തുകയായിരുന്നു. ഇടതുനെഞ്ചിൽ ആഴത്തിൽ മുറിവേറ്റപ്പോൾ കിടപ്പുമുറിയിലേക്ക് ഓടിക്കയറി കട്ടിലിൽ ബോധരഹിതനായി വീണു. തുടർന്ന് ചോരവാർന്നാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ പ്രമോദ് കുമാർ സമീപത്തുള്ള ബന്ധുവീട്ടിലെത്തി താൻ അനിയനെ കുത്തിക്കൊന്ന വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഉടൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചതായി കണ്ടത്.
തുടർന്ന് നാട്ടുകാരും ബന്ധുക്കളും പ്രമോദ് കുമാറിനെ തടഞ്ഞുവെക്കുകയും കൊടുവള്ളി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുത്താനുപയോഗിച്ച കത്തി പ്രതിതന്നെ പൊലീസിന് കൈമാറി. കൊടുവള്ളി പൊലീസ് സി.ഐ യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ചെറിയാത്തുവിന്റെയും (ഗ്രാമപഞ്ചായത്ത് മുൻ എക്സിക്യൂട്ടീവ് ഓഫിസർ) മാധവിയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: പ്രദീപ് കുമാർ (നരിക്കുനി അത്താണി), വിലാസിനി (കരുവംപൊയിൽ പുൽപറമ്പ് മുക്ക്).
.jpg)

