കോഴിക്കോട് ജില്ലയിൽ പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നങ്ങളൊന്നുമില്ല : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിൽ പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിപയെ സംബന്ധിച്ച് ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കരുത്, ഇവിടെ എന്തോ പ്രശ്നമാണ് എന്ന പരിഭ്രാന്തി ഉണ്ടാക്കരുത്, ഇത് നമുക്ക് നേരിടാവുന്നതേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു .
‘പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നമില്ല. തുടക്കത്തിലേ സൂചന കിട്ടിയപ്പോൾ തന്നെ എല്ലാ നിലയിലും സർക്കാർ ഇടപെട്ടു. ആരോഗ്യമന്ത്രി ആരോഗ്യ പ്രവർത്തകരെയെല്ലാം വിളിച്ചു ചേർത്ത് യോഗം വിളിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുറ്റിയാടി എം എൽ എ കുഞ്ഞമ്മുട്ടി മാഷും നാദാപുരം എം എൽ എ ഇ കെ വിജയൻ മാഷും ഞാനും ചേർന്ന് കുറ്റിയാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മരണം നടന്ന വ്യക്തിയുടെ പഞ്ചായത്തുകൾ ഉൾപ്പെടെ അടുത്ത പ്രദേശങ്ങളായ എട്ട് പഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റുമാരെ വിളിച്ച് യോഗം ചേർന്ന് തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തു.
എന്തൊക്കെയാണ് പ്രതിരോധ പ്രവർത്തങ്ങൾ ഫീൽഡിൽ നടത്തേണ്ടതെന്ന് കൃത്യമായി പ്ലാൻ ചെയ്തു. വോളണ്ടിയർ പ്രവർത്തനം, ക്വാറന്റൈനിൽ പോകുന്നവരെ എങ്ങനെ സംരക്ഷിക്കണം, ജനങ്ങളിൽ ആശങ്ക പടർത്താതെ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്തു’, മന്ത്രി പറഞ്ഞു.