കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ സംഭവം ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാല് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന മാർച്ച് മാസത്തിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.
tRootC1469263">കഴിഞ്ഞ ദിവസമാണ് വലിയങ്ങാടിയിലെ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവർ ദാരുണമായി മരണപ്പെട്ടത്. തൊഴിലാളികൾ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നത്. കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.
കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിൽ വലിയ അനാസ്ഥയുണ്ടായെന്ന് കോർപ്പറേഷൻ പ്രതിപക്ഷവും മേയറും സമ്മതിക്കുന്നുണ്ട്. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിർദ്ദേശം നിലവിലുണ്ടായിരുന്നിട്ടും, അത് അവഗണിച്ച് രണ്ടാഴ്ച മുൻപ് ഇവിടെ പുതിയ സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയത് വിവാദമായിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നതിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
.jpg)


