68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് സജ്ജമായി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ
കോഴിക്കോട്: സംസ്ഥാനത്തെ 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ഒരുങ്ങി. ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും. കായിക പ്രതിഭകളും ടീം മാനേജർമാരും ഒഫീഷ്യലുകളും സംഘാടകരുമടക്കം ഏകദേശം 15,000-ത്തോളം പേർ മേളയുടെ ഭാഗമാകും. ഒക്ടോബർ 25-ന് 4,000 കായികതാരങ്ങൾ അണിനിരക്കുന്ന വിപുലമായ മാർച്ച് പാസ്റ്റോടെയും 3,000 വിദ്യാർത്ഥികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളോടെയും മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.
ജില്ലയിലുടനീളമുള്ള പത്ത് വേദികളിലായാണ് വിവിധ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 27-ന് ആരംഭിക്കുന്ന പ്രധാന ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റിക്സ് പോരാട്ടങ്ങൾക്ക് എൻഐടി കാലിക്കറ്റ് ക്യാമ്പസ് മുഖ്യവേദിയാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800-ഓളം അത്‌ലറ്റുകളാണ് ഇവിടെ ട്രാക്കിലിറങ്ങുക. ഒക്ടോബർ 30-ന് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിനും ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ എന്നിവയ്ക്കും എൻഐടി തന്നെ വേദിയാകും. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ അരങ്ങേറുക. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങൾ ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ മത്സരങ്ങൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. കുന്നമംഗലം എച്ച്.എസ്.എസിൽ വടംവലിയും ഇൻക്ലൂസീവ് ക്രിക്കറ്റും നടക്കുമ്പോൾ കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾക്ക് കൊടിയത്തൂർ പിടിഎം എച്ച്.എസ്.എസും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളും ആതിഥേയത്വം വഹിക്കും. ചാത്തമംഗലം ആർഇസി ഗവൺമെന്റ് വിഎച്ച്എസ്എസിൽ യോഗ മത്സരങ്ങളും പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങളും അരങ്ങേറും.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഇത്തവണത്തെ മേളയുടെ പ്രധാന സവിശേഷതയാണ്. ഒക്ടോബർ 26-ന് നടക്കുന്ന ഈ വിഭാഗത്തിൽ 2,000-ത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിലായി തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കും. ഇതിനുപുറമെ ഗൾഫ് മേഖലയിൽ നിന്നെത്തുന്ന 48 വിദ്യാർത്ഥികൾ അത്‌ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും പങ്കെടുക്കുന്നത് സംസ്ഥാന മേളയ്ക്ക് അന്താരാഷ്ട്ര തലം സമ്മാനിക്കും. കൊല്ലം ജില്ലയിലെ കെ.എൻ.എൻ.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്. ലക്ഷ്മി നന്ദന രൂപകൽപ്പന ചെയ്ത 'കുട്ടു' എന്ന ചിഹ്നമാണ് കായികമേളയുടെ ഔദ്യോഗിക മാസ്കോട്ട്.
.jpg)


