കോഴിക്കോട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് അമിതവേ​ഗത്തിലെത്തിയ കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്

accident 1

ഇവരുടെ രണ്ട് കാലിന്റേയും മുട്ടിനു താഴേക്കുള്ള എല്ലുകൾ തകർന്നിട്ടുണ്ട്. അതിനു പുറമെ, ഇവരുടെ തുടയെല്ലും വാരിയെല്ലും താടിയെല്ലും ഒടിഞ്ഞിട്ടുണ്ട്.

കോഴിക്കോട്: ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന സംഘത്തിന്റെ ശരീരത്തിലേക്ക് കാർ പാഞ്ഞുകയറി. ഏഴുപേർക്ക് പരിക്ക്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്നത്. 

ബുധനാഴ്ച പുലർച്ചെ മൂന്നുമണിക്ക് കല്ലായി പാലത്തിന്റെ വടക്കുവശത്ത് റോഡിന്റെ കിഴക്കുഭാഗത്തെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന തമിഴ്‌നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവരുടെ മേലേക്കാണ് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. ഇതിൽ രാമയ്യയ്ക്കാണ് അതീവഗുരുതരമായ പരിക്കുള്ളത്. ഇവരുടെ രണ്ട് കാലിന്റേയും മുട്ടിനു താഴേക്കുള്ള എല്ലുകൾ തകർന്നിട്ടുണ്ട്. അതിനു പുറമെ, ഇവരുടെ തുടയെല്ലും വാരിയെല്ലും താടിയെല്ലും ഒടിഞ്ഞിട്ടുണ്ട്.

അപകടത്തെത്തുടർന്ന് കാർ അവിടെ നിർത്താതെ കോഴിക്കോട് നഗരത്തിന്റെ ദിശയിലേക്ക് ഓടിച്ചുപോവുകയായിരുന്നു. എതിരേ വന്ന ഒരു കാറിലുണ്ടായിരുന്നവർ ഈ കാഴ്ചകണ്ട് അപകടമുണ്ടാക്കിയ കാറിനെ പിന്തുടർന്ന് പുഷ്പ ജങ്ഷനു സമീപം െവച്ച് തടഞ്ഞുനിർത്തുകയായിരുന്നു. 

മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദിൽ ഷാൻ എന്നിവരാണ് അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്നത്. അപകടസ്ഥലത്തിന്റെ നൂറു മീറ്റർ അകലെയുള്ള ചെമ്മങ്ങാട് പോലീസിന് നാട്ടുകാർ ഇവരെ പിടികൂടി കൈമാറിയെങ്കിലും പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു.

Tags