കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് 69-കാരന് ദാരുണാന്ത്യം
കൊയിലാണ്ടി : ഒരു മരണവീട്ടിലെത്തിയതായിരുന്നു രാജൻ. എന്നാൽ അവിടെ കാത്തിരുന്നത് മറ്റൊരു ദുരന്തം. നിയന്ത്രണംവിട്ട വാഹനം മരണവീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കാവുംവട്ടം തടോളിത്താഴം കിടഞ്ഞിയിൽ രാജൻ (69) മരിച്ചു. ഞായറാഴ്ച രാവിലെയാണ് കാവുംവട്ടത്ത് അപകടമുണ്ടായത്.
കാവുംവട്ടത്തെ ഒരു മരണവീട്ടിൽ മൃതദേഹം കൊണ്ടുവന്ന സമയത്താണ് അപകടം സംഭവിച്ചത്. മറ്റൊരാൾ വാഹനം വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് വാഹനം നിയന്ത്രണംവിട്ട് മുന്നോട്ടുപോയത്. സമീപത്തുണ്ടായിരുന്നവർ അപകടം ഒഴിവാക്കാൻ ഓടിമാറിയെങ്കിലും രാജന് വാഹനത്തിന്റെ ഇടിയിൽ നിന്ന് രക്ഷപ്പെടാനായില്ല.
ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. മരണവീട്ടിൽ നടന്ന സംഭവം നിമിഷങ്ങൾക്കകം ദാരുണമായ അപകടമായി മാറുകയായിരുന്നു.
നിയന്ത്രണംവിട്ട വാഹനം എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. മരണവീട്ടിലെത്തിയ രാജന്റെ അപ്രതീക്ഷിത മരണം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
.jpg)


