കോവളം സ്പാ പീഡനം: അഞ്ചാംപ്രതി ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് പോലീസ് കസ്റ്റഡിയിൽ; നഗരസഭ സർവീസിൽ നിന്ന് പുറത്താക്കും
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ചാംപ്രതിയായ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം ആറാം തീയതി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകിയത്. അനുരൂപിനെ ഉടൻ തന്നെ പീഡനം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനിടെ, പ്രതിയായ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനായി തിരുവനന്തപുരം നഗരസഭാ അധികൃതർ ഈ ആഴ്ച തന്നെ സർക്കാരിന് കത്ത് നൽകും.
കേസിലെ പ്രധാന പ്രതിയും സ്പാ നടത്തിപ്പുകാരനുമായ സജിത്തിന് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ എത്തിക്കുന്ന ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സ്പായിലെത്തിയ മറ്റാരെങ്കിലും പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
.jpg)

