കോവളം സ്പാ പീഡനക്കേസ്; അന്വേഷണത്തിന് സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു

Kovalam spa rape case; Special team of cyber experts formed to investigate

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16 കാരിയായ ആന്ധ്രാ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സൈബർ വിദഗ്ധരടക്കം ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ പൊലീസ് വ്യാപകമായി ശേഖരിച്ചു വരികയാണ്. കേസിൽ പ്രതികളുടെ പട്ടിക ഇനിയും നീളുമെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ, പെൺകുട്ടിയെ ഉപദ്രവിച്ച പ്രതികളുടെ തിരിച്ചറിയൽ പരേഡും ഉടൻ നടത്തും. കോവളത്തിന് പുറമെ ചെന്നൈയിലും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന റാക്കറ്റിന്റെ പങ്കുള്ളതായി സംശയിക്കുന്ന ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിക്കുകയും, വിവിധ സ്പാകളിൽ നിർത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. എന്നാൽ വിചിത്രമെന്ന് പറയട്ടെ, കുട്ടിയെ പണം വാങ്ങി കൈമാറിയ ഇളയമ്മ തന്നെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണവും കൗൺസിലിംഗുമാണ് ക്രൂരമായ പീഡനവിവരം പുറത്തുകൊണ്ടുവന്നത്. പൊലീസിനോട് കുട്ടി പീഡനവിവരം തുറന്നുകാട്ടിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ആന്ധ്രയിൽ വെച്ച് പിടിയിലായ കുട്ടിയുടെ ഇളയമ്മയും ഭർത്താവിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൽ നാഗലക്ഷ്മി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളും ഉൾപ്പെടെയുള്ളവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

Tags